History

എണ്ണപ്പാടത്തിന്റെ മാസ്മരികതയിലേയ്ക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ പ്രയാണമാരംഭിച്ചത് 1960കളിലായിരുന്നു. പറയത്തക്ക യാത്രാരേഖകളൊന്നുമില്ലാതെ അനധികൃതമായി കുത്തിനിറച്ച ലോഞ്ചുകളില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചായിരുന്നു കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അറബ് നാടിന്റെ തീരങ്ങളില്‍ തൊഴില്‍ തേടി അവരെത്തിയത്. പ്രതികൂല സാഹചര്യത്തില്‍, പ്രതികൂല കാലാവസ്ഥയില്‍ കടുത്ത യാതനകളിലൂടെയാണ് അക്കാലത്ത് ഇവിടെയെത്തിയവര്‍ തുടര്‍ന്നുള്ള ജീവിതം കരുപ്പിടിപ്പിച്ചത്.  

അദ്ധ്വാനിക്കാനുള്ള കായിക ശക്തിയും എന്തിനേയും നേരിടുവാനുള്ള ആത്മബലവും മനസ്സു നിറയെ സ്വപ്നങ്ങളുമായി മണലാരണ്യത്തിലെത്തിയ മലയാളികളോടൊപ്പം പൈതൃകമായി ലഭിച്ച സാംസ്‌കാരിക പാരമ്പര്യവുമുണ്ടായിരുന്നു. തൊഴില്‍ തേടിയെത്തിയവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചപ്പോള്‍ അവരില്‍ കുടികൊണ്ടിരുന്ന സംഘടനാബോധവും സാംസ്‌കാരിക അവബോധവും ഉണരുകയും മലയാളികളുടെ ആദ്യത്തെ സംഘടനയായ അബുദാബി മലയാളി സമാജം രൂപപ്പെടുകയും ചെയ്തു.

ഖത്തര്‍ പെട്രോളിയം കമ്പനി അബുദാബി ഓയില്‍ കമ്പനിയിലേയ്ക്ക് ജോലിക്ക് കൊണ്ടുവന്ന മലയാളികള്‍ ചേര്‍ന്നായിരുന്നു മലയാളികളുടെ ആദ്യത്തെ സംഘടനയായ അബുദാബി മലയാളി സമാജത്തിനു രൂപം നല്‍കിയത്. ഒരു അറബിയുടെ കോമ്പൗണ്ട് വാടകയ്‌ക്കെടുത്തായിരുന്നു സമാജത്തിന്റെ ആദ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അറുപതുകളുടെ അവസാനത്തില്‍ ഗള്‍ഫിലേയ്ക്കുള്ള മലയാളികളുടെ പ്രയാണം ശക്തിപ്പെട്ടതിനനുസരിച്ച് സമാജത്തിലേയ്ക്കുള്ള മലയാളി ജനസമൂഹത്തിന്റെ തിരക്കും വര്‍ദ്ധിക്കാന്‍ തുടങ്ങി. അത് സമാജത്തിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായിരുന്നു.  

ഈ സാഹചര്യത്തില്‍ മറ്റൊരു സംഘടനയുടെ അനിവാര്യത തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിശ്രമഫലമായാണ് കേരള കലാ സമിതി രൂപം കൊണ്ടത്. മസ്ഊദ് ആന്റ് സണ്‍സിലെ ജോലിക്കാര്‍ക്കായി താമസിക്കാന്‍ കൊടുത്ത ഹംദാന്‍ റോഡിലുള്ള അന്നത്തെ ടെലിവിഷന്‍ ബില്‍ഡിങ്ങിന്റെ (ഇന്ന് ലിവ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം) പിന്നിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ കോമ്പൗണ്ടില്‍ രൂപം കൊണ്ട കേരള  കലാ സമിതിയിലേയ്ക്ക് മലയാളികളുടെ തള്ളിക്കയറ്റം അഭൂതപൂര്‍വ്വമായിരുന്നു. അവിടെ മലയാള സിനിമ കാണുന്നതിനുള്ള സംവിധാവും ഉണ്ടായതോടെ ജനങ്ങളുടെ തള്ളിക്കയറ്റത്തിന് ശക്തി കൂടിവന്നു. അക്കാലത്ത് മലയാളം സിനിമ കാണുവാനുള്ള സംവിധാനം അല്‍ ഐനില്‍ മാത്രമായിരുന്നു.

അന്നത്തെ 16 എം.എം. സ്‌ക്രീനില്‍ ചെമ്മീന്‍, നാടന്‍പെണ്ണ്, അമ്മ, നിണമണിഞ്ഞ കാല്‍പാടുകള്‍ തുടങ്ങിയ സിനിമകള്‍ മാസങ്ങളോളം പ്രദര്‍ശിപ്പിച്ചു. സിനിമ കാണാനെത്തിയവര്‍ക്ക് കൈകൊണ്ടെഴുതിയ 3 ദിര്‍ഹത്തിന്റെ കൂപ്പണുകള്‍ വിറ്റ് 15,000 ദിര്‍ഹം സംഭരിക്കുവാന്‍ കേരള കലാ സമിതിക്ക് അന്ന് കഴിഞ്ഞു. മസ്ഊദ് കോമ്പൗണ്ടില്‍ സിനിമ കാണാനെത്തിയവരുടെ തള്ളിക്കയറ്റം കൊണ്ട് കോമ്പൗണ്ടിലെ പല സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സിനിമ തുടര്‍ന്നവിടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി.

ഇതിനു ശേഷമാണ് കേരള കലാ സമിതിയ്ക്ക് ഒരു ഭരണഘടനയും അതുവഴി മാനേജിംഗ് കമ്മിറ്റിയും സ്ഥിരം മെമ്പര്‍മാരും വേണമെന്ന കാര്യം പരിഗണിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഭരണസമിതിയുടെ പരിശ്രമഫലമായി അന്നത്തെ ഇവാന്‍ നൈറ്റ് ക്ലബ്ബിനടുത്തുണ്ടായിരുന്ന താനി മുര്‍ഷിദ് കോമ്പൗണ്ട് വാടകയ്‌ക്കെടുത്ത് കേരള കലാ സമിതി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

തുടര്‍ന്നുള്ള മാസങ്ങള്‍ സിനിമാ പ്രദര്‍ശനത്തിന്റേയും നാടകാഭിനയത്തിന്റേയും തമ്പോല എന്ന സ്‌നോബാള്‍ മെല്‍ട്ടിന്റേയും കാലമായിരുന്നു. അതുവഴി ആവശ്യത്തിലേറെ പണം സംഭരിച്ചുവെങ്കിലും കലാസമിതിയിലേയ്ക്ക് വരുന്നവര്‍ക്കെല്ലാം ഇരിക്കാന്‍ വേണ്ട സ്ഥലം മതിയാകാതെയായി.

താനി മുര്‍ഷിദിലെ കോമ്പൗണ്ടിലെ ജനബാഹുല്യം മൂലം പോരാതെ വന്ന കേരള കലാസമിതി മദീനാസായിദില്‍ ഒരറബി വിധവയില്‍ നിന്ന് ഒരു കോമ്പൗണ്ടും അതിനോടനുബന്ധിച്ച് ഒരു മജ്‌ലിസ് മുറിയും വാടകയ്‌ക്കെടുത്തു. കോമ്പൗണ്ടിനു ചുറ്റും കലാ സമിതിയുടെ ചെലവില്‍ തന്നെ മതില്‍ കെട്ടി കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ അരങ്ങ് തകര്‍ത്തു. ഈ അവസരത്തിലാണ് കേരള കലാ സമിതി കേരള ആര്‍ട്‌സ് സെന്ററായി പരിണമിച്ചത്.

1972ല്‍ രൂപം കൊണ്ട കേരള ആര്‍ട്‌സ് സെന്റര്‍ ഗള്‍ഫിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് തുടര്‍ന്ന് കാഴ്ചവെച്ചത്. കല അവിടെ കനകച്ചിലങ്ക കിലുക്കി, സാഹിത്യം അവിടെ ചര്‍ച്ചാ വിഷയമായി. നാടകം അരങ്ങ് തകര്‍ത്തു. നാട്ടിലെ ഏതൊരു മികച്ച ഗ്രന്ഥശാലയേയും അതിശയിപ്പിക്കും വിധം നല്ലൊരു ഗ്രന്ഥശാല അവിടെ രൂപം കൊണ്ടു. മലയാളത്തിലെ എല്ലാ ദിനപത്രങ്ങളും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയില്‍ വായനക്കാര്‍ക്കായി തയ്യാറായി.
മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളുണ്ടാക്കാന്‍ കേരള ആര്‍ട്‌സ് സെന്ററിനു കഴിഞ്ഞിട്ടുണ്ട്.

മലയാളി സമൂഹത്തിന്റെ ഇന്നത്തെ മുന്നോക്കാവസ്ഥയ്ക്ക് ഉപോല്‍ബലകമായ പല കര്‍മ്മ പദ്ധതികള്‍ക്കും സെന്റര്‍ രൂപം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, ചരിത്രപരമായ സാഹചര്യങ്ങളാള്‍ നിയമവിധേയരല്ലാതിരുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നിയമപരമായ യാത്രാരേഖകളുണ്ടാക്കികൊടുക്കുക എന്നതായിരുന്നു. അന്ന് യുഎഇയില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. ഒമാനിലാണ് ഇന്ത്യന്‍ എംബസി ഉണ്ടായിരുന്നത്. അവിടത്തെ എംബസിയുടെ കീഴില്‍ അബുദാബിയില്‍ ഒരു കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാനും ഇന്ത്യന്‍ വംശജരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയത് കേരള ആര്‍ട്‌സ് സെന്ററിന്റെ പ്രവര്‍ത്തകരായിരുന്നു.
മറ്റൊന്ന്, അബുദാബിയില്‍ കുടുംബസഹിതം താമസിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിന് എടുത്ത മുന്‍കൈയ്യാണ്. അബുദാബിയിലെ ഇന്നത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യവും സാമ്പത്തിക സഹായവും ചെയ്തുകൊടുത്തതും കേരള ആര്‍ട്‌സ് സെന്ററായിരുന്നു എന്ന വസ്തുത ഇന്ന് പലര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാം.

അതാതു കാലത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് വിധേയമായി സംഘടനയെ സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കു വേണ്ടി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ സത്യസന്ധമായ എതാനും സൂചനകളാണിവ. മലയാളികളുടെ സാമൂഹികമായ മുന്നേറ്റത്തിന് സംഘടന നല്‍കിയ അമൂല്യമായ ഈ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

മലയാളികളുടെ രണ്ടാമത്തെ സാംസ്‌കാരിക സംഘടനയുടെ അംഗീകാരം നഷ്ടപ്പെട്ടേക്കാവുന്ന ദുരന്തവും വമ്പിച്ച സാമ്പത്തിക ബാധ്യതയും ഒന്നിച്ചു പിടികൂടിയ അവസ്ഥയില്‍ നിന്നും സംഘടന കേരള സോഷ്യല്‍ സെന്റര്‍ എന്ന പേര്‍ സ്വീകരിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേറ്റത് 1984ലാണ്. സംഘടനയെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ തനതു പാതയിലേത്തിക്കാന്‍ അതിന്റെ നേരവകാശികള്‍ തന്നെ രംഗത്തു വരികയായിരുന്നു. അവിടം മുതലാണ് കേരള സോഷ്യല്‍ സെന്റര്‍ അബുദാബി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിത്തുടങ്ങിയത്.

അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് കേരള ആര്‍ട്‌സ് സെന്റര്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ സ്വന്തം ചിതയിലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ഉയരത്തിലുയരത്തില്‍ പറന്നുയരുന്ന കാഴ്ചയാണ് കേരള സോഷ്യല്‍ സെന്ററിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ മലയാളി സമൂഹത്തിനു കാണാന്‍ കഴിഞ്ഞത്.

കേരള സോഷ്യല്‍ സെന്ററിന്റെ മുഖപ്രസിദ്ധീകരണമായ ‘പ്രവാസി’യുടെ ഉദയവും ഈ കലഘട്ടത്തിലായിരുന്നു. 1986 മെയ് മാസത്തില്‍ പ്രവാസിയുടെ ആദ്യ ലക്കം പുറത്തിറങ്ങി. ത്രൈ മാസികയായാണ് ‘പ്രവാസി’യുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. അതും പുതിയൊരു ചരിത്രം എഴുതിച്ചേര്‍ക്കലായിരുന്നു. ആ കാലത്ത് ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വകാര്യ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ കയ്യെഴുത്ത് പ്രതികളായിരുന്നു. അബുദാബി മലയാളി സമാജവും അക്കാലത്ത് പുറത്തിറക്കിയിരുന്ന മുഖപ്രസിദ്ധീകരണമായ ‘മുഖച്ഛായ’യും കയ്യെഴുത്തായാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ‘പ്രവാസി’യുടെ ആദ്യലക്കം മുതല്‍ തന്നെ അച്ചടിപ്രസിദ്ധീകരണമായി പുറത്തിറക്കാന്‍ അക്കാലത്തെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

ഗവര്‍ണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള ഉദാരമായ സമീപനം കാരണം അംഗീകൃത സാസ്‌കാരിക സംഘടനകള്‍ക്ക് അക്കാലത്ത് സാമ്പത്തിക വരുമാനത്തിന് ധാരാളം സാധ്യതകളുണ്ടായിരുന്നു. പിന്നീട് നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശക്തി കൂടിയതോടെ സെന്ററിന്റെ മുഖ്യ സാമ്പത്തിക വരുമാന സ്രോതസ്സായ സ്‌നോബോള്‍ നിറുത്തിവെക്കേണ്ടി വന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ധനാഗമനമാര്‍ഗ്ഗങ്ങളുടെ വാതിലുകള്‍ ഒന്നൊന്നായി കൊട്ടിയടക്കപ്പെട്ടു. തുടര്‍ന്നുള്ള യാത്ര ത്യാഗപൂര്‍ണ്ണവും ക്ലേശകരവുമായിരുന്നു. പകലന്തിയോളം അദ്ധ്വാനിച്ചതിനു ശേഷം അല്‍പം വിനോദവും വിജ്ഞാനവും നിലനില്പിനാവശ്യമാണെന്ന് വിശ്വസിച്ചിരുന്ന നല്ലവരായ കുറെ മനുഷ്യര്‍ താങ്ങിയും തണലേകിയും ഈ സംഘടനയെ മുന്നോട്ട് നയിക്കുവാനുണ്ടായി. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് വായുവും ആഹാരവും പോലെ ഒഴിവാക്കാനാവാത്ത ഒന്നാണ് കലയും സംസ്‌കാരവുമെന്ന തിരിച്ചറിവായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

എത്രത്തോളം ത്യാഗം സഹിച്ചാലും ശരി, കേരള സോഷ്യല്‍ സെന്ററിനെ അനുപമമായ ഒരു കലാ സാംസ്‌കാരിക സ്ഥാപനമാക്കി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മുന്നില്‍ പ്രയാസങ്ങളോരോന്നും അതിജീവിക്കാന്‍ കഴിഞ്ഞു. സ്വന്തമായ ഒരു ആസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.

വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് വായനശാലയും ഗ്രന്ഥാലയവും വികസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി, നൃത്താഭ്യാസത്തിനുള്ള സ്ഥലപരിമിതി കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രശ്‌നമായി, വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അംഗസംഖ്യക്കനുസരിച്ച് ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ കഴിയാതെയായി. കായിക വിനോദത്തിനും മത്സരങ്ങള്‍ക്കും ആവശ്യമായ വേദി പരിമിതപ്പെട്ടു. ഈ സഹചര്യത്തില്‍ സ്ഥാപനം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ ആധുനിക രീതിയിലുള്ള ഒരു ഓഡിറ്റോറിയം പണിതുയര്‍ത്താനുള്ള കടലാസുജോലികള്‍ ആരംഭിച്ചു.

എന്നാല്‍ നഗരപരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലുള്ള സ്ഥലത്തുനിന്ന് സ്ഥാപനം എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, നാദിസിയയില്‍ ബ്ലഡ് ബാങ്കിനു സമീപമുള്ള ഒരു കെട്ടിടത്തിന്റെ കുടുസ്സുമുറിയിലേയ്ക്ക് സെന്ററിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തേണ്ടി വന്നു.
ഏറെ പരിമിതകളോടെ കഴിച്ചുകൂട്ടിയ ആ നാലുവര്‍ഷം സംഘടനയുടെ നിലനിപ്പുതന്നെ അപകടകരമായേക്കുമോ എന്ന് ഭയപ്പെട്ടിരുന്ന ഒരു കാലമായിരുന്നു. അറുപത് അംഗങ്ങളേക്കാളധികം ഉള്‍ക്കൊള്ളാനാവാത്ത സ്ഥലപരിമിതി. അംഗങ്ങള്‍ക്ക് ദൈനംദിന സന്ദര്‍ശനം അപ്രായോഗികമാക്കുന്ന പ്രവര്‍ത്തനമണ്ഡലം. തന്‍മൂലമുള്ള സാമ്പത്തിക പരാധീനതകള്‍. ചുരുക്കത്തില്‍ ഈ നാലുവര്‍ഷക്കാലം സംഘടനയെ മുന്നോട്ട് നയിക്കുന്നതിന് പ്രവര്‍ത്തകര്‍ സഹിക്കേണ്ടിവന്ന ആത്മസംഘര്‍ഷത്തിന് അളവില്ലായിരുന്നു. അബുദബി മലയാളി സമാജത്തിന്റേയും ഇന്ത്യാ സോഷ്യല്‍ സെന്ററിന്റേയും സൗഹാര്‍ദ്ദപൂര്‍ണ്ണമായ സഹകരണം നിമിത്തം പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം നിലനിര്‍ത്താനും സംഘടനയുടെ അസ്ഥിത്വം ഉറപ്പാക്കാനും കഴിഞ്ഞു.

സെന്ററിന്റെ ഇന്ന് നിലവിലുള്ള ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത് 1994 ജൂണ്‍ മാസത്തിലായിരുന്നു, എസ്റ്റിമേറ്റ് തുകയുടെ നാലിലൊന്നുപോലും കയ്യിരുപ്പുണ്ടായിരുന്നില്ല. എന്നാലും, സ്വന്തമായൊരു ആസ്ഥാനം അനിവാര്യമാണെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതു പ്രവര്‍ത്തനത്തിന്റെ എല്ലാ ധാര്‍മ്മികമൂല്യങ്ങളും മുറുകെപ്പിടിക്കുന്ന അനേകം പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും ആത്മവീര്യവും കൈമുതലുണ്ടായിരുന്നു. കൂടാതെ ആ മൂല്യങ്ങളെ ആദരിക്കുകയും സാംസ്‌കാരിക രംഗത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്ന കുറെ നല്ല മനുഷ്യരുടെ പിന്തുണയും ഈ സംരംഭം സാക്ഷാത്കരിക്കാന്‍ സഹായകരമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതിലും മുമ്പേ പൂര്‍ത്തിയാക്കിക്കൊണ്ട് 1995 നവംബര്‍ 19 മുതല്‍ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരെ കൊണ്ട് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്നത് സെന്റര്‍ അംഗങ്ങള്‍ക്കും അബുദാബി മലയാളി സമൂഹത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നു.

തുടര്‍ന്നങ്ങോട്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ കാഴ്ചവെച്ചത്. അബുദാബി മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിന്റെ അഭേദ്യഭാഗമായി സെന്റര്‍ ഇതിനകം മാറിക്കഴിഞ്ഞു. സാമ്പത്തിക രംഗത്ത് ഏറെ പരാധീനതകള്‍ക്കിടയിലും സംഘടന അതിന്റെ സാമൂഹ്യ ലക്ഷ്യത്തില്‍ നിന്നു പിന്തിരിഞ്ഞില്ല എന്നതിന്റെ ഏറ്റവും മിന്നുന്ന ഉദഹരണമാണ് ലത്തൂര്‍ ഭൂകമ്പത്തിനിരയായവര്‍ക്ക് സെന്റര്‍ നല്‍കിയ സംഭാവന. 1991ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അമ്മാനിലകപ്പെട്ട ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുവാനും, ഭക്ഷണ സാമഗ്രികള്‍ എത്തിച്ചുകൊടുക്കുവാനും സെന്റര്‍ കൈക്കൊണ്ട മാതൃകാപരമായ പ്രവര്‍ത്തനം അക്കാലത്ത് വിവിധ തലങ്ങളില്‍ നിന്നുള്ള പ്രശംസയ്ക്ക് വഴിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ഭക്ഷണമായും മരുന്നായും ആശ്വാസ വചനങ്ങളായും മാറിയ കേരള സോഷ്യല്‍ സെന്റര്‍ ഏതൊരു മലയാളികളുടേയും ആശാകേന്ദ്രമായി മാറുകയായിരുന്നു. അതുപോലെ നാട്ടില്‍ നിന്നും നിരന്തരം പ്രവഹിക്കുന്ന അഭ്യര്‍ത്ഥനകളോട് ഉദാരമായി പ്രതികരിക്കാനും സെന്റര്‍ മറന്നിട്ടില്ല.

നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കിയ ഘട്ടങ്ങളിലെല്ലാം ഇതര സംഘടനകള്‍ക്ക് മാതൃകയാകുംവിധം സെന്റര്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നവയാണ്. പൊതുമാപ്പ് അനുവദിച്ച ഘട്ടങ്ങളിലെല്ലാം പലപ്പോഴും ഇന്ത്യക്കരെ സഹായിക്കുന്നത്ല്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിന് ഇന്ത്യന്‍ എംബസി കേരള സോഷ്യല്‍ സെന്ററിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇത് വ്യക്തമാക്കുന്നത് ഒരു സാംസ്‌കാരിക സംഘടന എന്ന നിലയ്ക്ക് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സെന്റര്‍ നേടിയെടുത്ത അംഗീകാരമാണ്.

പ്രവാസികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ഒരു ‘പ്രവാസികാര്യ വകുപ്പി’ന് രൂപം നല്‍കുന്നതില്‍ കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ ഇടപെടല്‍ ചരിത്രത്തില്‍ എന്നും മായാതെ നില്‍ക്കുക തന്നെ ചെയ്യും.
ഇന്ത്യയ്ക്കു വെളിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ സാംക്‌സരിക പ്രസ്ഥാനമായി കേരള സോഷ്യല്‍ സെന്റര്‍ ഇന്ന് വളര്‍ന്നുകഴിഞ്ഞു. ഇന്ന് അബുദാബിയുടെ ഹൃദയ ഭാഗത്ത് ഒരു സാംസ്‌കാരിക സംഘടനയ്ക്ക് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളോടുകൂടി സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ആയിരത്തഞ്ഞൂറോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്‌റ്റേജ്, വിശാലമായ ഓഫീസുകള്‍, ഇതുപതിനായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയം, മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും ലഭ്യമാകുന്ന വായനശാല, ഗ്രീന്‍ റൂമുകള്‍, 300 പേരെ വീതം ഉള്‍ക്കൊള്ളാവുന്ന മൂന്ന് മിനി ഓഡിറ്റോറിയങ്ങള്‍ എന്നീ സൗകര്യങ്ങളോടെ സുസജ്ജമാണ് ഇന്ന് കേരള സോഷ്യല്‍ സെന്റര്‍.

ഓണം, വിഷു, പെരുന്നാള്‍, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മാതമല്ല, ഇവിടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വര്‍ഷത്തിലെ ബഹുഭൂരിപക്ഷം ദിനങ്ങളിലും സെന്റര്‍ അങ്കണം ശബ്ദമുഖരിതമാണ്. നാട്ടില്‍ നിന്ന് വരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹിത്യ സാംസ്‌കാരിക നായകന്‍മാരുടെ പ്രസംഗങ്ങള്‍, ചര്‍ച്ചകള്‍, സംഗീത മേളകള്‍, നൃത്തസന്ധ്യകള്‍ എന്നിവ സെന്ററില്‍ നിരന്തരം അരങ്ങേറുന്നു.
ഇന്ത്യന്‍ വോളിബോളിന്റെ രോമാഞ്ചമായി ഗള്‍ഫ് നാടുകളിലും മറ്റു വിദേശരാജ്യങ്ങളിലും ഒരുപോലെ കേരളത്തിന്റെ യശസ്സുയര്‍ത്തിയ രാജ്യാന്തര വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡു ജേതാവുമായ ജിമ്മിജോര്‍ജിന്റെ സ്മരണാര്‍ഥം അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖത്തില്‍ സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ടൂര്‍ണ്ണമെന്റായി മാറിയിരിക്കുന്നു.
ഇന്ത്യാ-യു.എ.ഇ. ഗവര്‍ണ്‍മെന്റ് തലങ്ങളില്‍ വളരെ പ്രശംസ പിടിച്ചു പറ്റിയ ഇന്‍ഡോ അറബ് സാംസ്‌കാരികോത്സവം സെന്ററിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാനം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു. രണ്ടും മൂന്നും സാംസ്‌കാരികോത്സവങ്ങള്‍ യു.എ.ഇ. ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക ഗവേഷണ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ മുഖ്യ രക്ഷാകര്‍ത്തൃത്വത്തിലാണ് നടന്നത് എന്നതു തന്നെ ലോക ജനതയ്ക്ക് മുന്‍പില്‍ കേരള സോഷ്യല്‍ സെന്ററിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് പോലും കാണാന്‍ കഴിയാത്തത്ര വാശിയോടും ജനപങ്കാളിത്തത്തോടും കൂടിയാണ് സെന്റര്‍ സംഘടിപ്പിച്ചു വരുന്ന ഭരത് മുരളി നാടകോത്സവം വര്‍ഷം തോറും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രഗത്ഭരായ നാടക പ്രവര്‍ത്തകരെ വിധികര്‍ത്താക്കളാക്കികൊണ്ട് അരങ്ങേറുന്ന നാടകങ്ങള്‍ സംവിധാനം ചെയ്യുന്നതിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകരെയാണ് ത്തില്‍ പങ്കെടുക്കുന്ന വിവിധസംഘടനകള്‍ അണിനിരത്തുന്നത് എന്നതു തന്നെ ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

പതിറ്റാണ്ട് മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിവെച്ച ഈ പ്രസ്ഥാനം ഇന്ന് അബുദാബിയിലെ മലയാളികളുടെ ഇടയില്‍ വടവൃക്ഷം പോലെ വളര്‍ന്ന് ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞു.

പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് പോയവരും, മണ്‍മറഞ്ഞുപോയവരുമായ എണ്ണമറ്റ ധീരരായ പ്രവര്‍ത്തകരുടെ രക്തവും വിയര്‍പ്പും നല്‍കി പടുത്തുയര്‍ത്തിയ ഈ സംഘടന ഇന്നും മുന്‍ കാലങ്ങളിലെപ്പോലെയോ അതിനപ്പുറമോ കൂടുതല്‍ കരുത്തോടെയും ഊര്‍ജ്ജസ്വലതയോടെയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
അഞ്ചു പതിറ്റാണ്ട് മുമ്പ് സെന്ററിനു തിരികൊളുത്തിയവര്‍ ഒന്നൊന്നായി പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോയെങ്കിലും, അവരില്‍പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയെങ്കിലും സെന്ററിന്റെ സ്ഥായിയായ നിലപാടില്‍ നിന്നും അണുകിട വ്യതിചലിക്കാതെ സെന്റര്‍ പ്രവര്‍ത്തനം തുടരുകയാണ്…….. സാംസ്‌കാരിക സമന്വയത്തിന്റെ അഞ്ചര പതിറ്റാണ്ടുകള്‍ പിന്നിട്ട് ഉത്തരോത്തരം മുന്നോട്ട് കുതിക്കുകയാണ്………… മുന്‍ കാലങ്ങളിലെപ്പോലെയോ അതിനപ്പുറമോ കൂടുതല്‍ കരുത്തോടെ……. ഒട്ടും തളര്‍ച്ചയില്ലാതെ……… കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ…………. അബുദാബി മലയാളികളുടെ അഭിമാനമായി………..  പ്രവാസികളുടെ സാംസ്‌കാരിക ചിഹ്‌നമായി………… ലോക മലയാളികളുടെ മൊത്തം അഹങ്കാരമായി……….